Saturday, May 1, 2010

ബിമല്‍... എന്‍റെ ബ്ലോഗാശാന് ഗുരുദക്ഷിണ, പിറന്നാള്‍ ആശംസകള്‍


(എങ്ങനെ ഒക്കെ അഡ്ജസ്റ്റ്ചെയ്തു പിടിച്ചിട്ടും മുഖത്തെ കലിപ്പുകള് തീരണില്ലല്ലോ ഭഗവാനെ...)

സംപൂജ്യസദസ്സിനു സാദരം കൂപ്പുകൈ...

ഇരിഞ്ഞാലക്കുടകാരനും സര്‍വോപരി പടിയൂര്‍ ദേശത്തിന്റെ കണ്ണിലുണ്ണിയും, ആരോഗ്യത്തില്‍ ഭീമന്‍ രഘുവും, അറിവില്‍ അബ്ദുല്‍കലാമും, ആദര്‍ശത്തില്‍ വാജ്പേയിയും, സ്വഭാവത്തില്‍ വിശ്വാമിത്രനും... അങ്ങനെ അങ്ങനെ വിശേഷണങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത അത്ഭുത വ്യക്തിത്വത്തിന്‍റെ ഉടമ തകരംകുന്നത്തു ബിമലിന്റെ ജന്മദിനം ഇന്നാണ്.... ബിമലിന്റെ പിറന്നനാള്‍ ആയതുകൊണ്ട് ഒരു കോമഡി കഥ പ്രതീക്ഷിച്ചിരിക്കുന്നവര്‍ ദയവായി ഇനി തുടര്‍ന്ന് വായിക്കണം എന്നില്ല. കാരണം ഇതു ഒരിക്കലും ഒരു കോമഡി അല്ല... ഹല്ല, ഇപ്പോഴും കോമഡി പറയാന്‍ ബിമല്‍ എന്താ കുതിരവട്ടം പപ്പു ഒന്നുമല്ലല്ലോ!!!


കഴിഞ്ഞ വര്‍ഷത്തെ പോലെ അല്ല ബിമല്‍ ഈ വര്‍ഷം. കഴിഞ്ഞ വര്‍ഷം 'തിരോന്തരത്ത്‌' ആയിരുന്നെങ്കില്‍ ഈ വര്‍ഷം അമേരിക്കയില്‍ തണ്ടും തക്രുതിയും കാണിച്ചു സായിപ്പിനെ ഒരു പാഠം പഠിപ്പിക്കുകയാണ് ആശാന്‍! തനി കമ്മ്യൂണിസ്റ്റ്‌ ആയ സഖാവ് ബൂര്‍ഷകളുടെ നാട്ടില്‍ സായിപ്പിന്റെ ഒപ്പം പണി എടുക്കുന്നതില്‍ ആരും കോപിക്കല്ലേ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ ഏരിയ കമ്മറ്റി നേരിട്ടു അയച്ചിരിക്കുന്നതാണ്. അത് സഖാവ് നന്നായി ചെയ്യുന്നും ഉണ്ട്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനിടയില്‍ സമയകുറവുമൂലം പ്രോജക്ടില്‍ ചില തെറ്റുകള്‍ വരുന്നത് സ്വാഭാവികം! എന്നുവച്ച് ഇതു ചെയ്തു ശരിയാക്കിയിട്ട് പോയാമതി എന്നൊക്കെ സായിപ്പു പറഞ്ഞാല്‍ എന്താ ചെയ്യുക. അത് അന്യായമല്ലേ. എങ്ങനെയായാലും ബിമലിന്റെ നാട്ടിലേക്കുള്ള മടങ്ങിവരവ് നീണ്ടുപോകുകയാണ്. പാവം... ഇപ്പൊ ''തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത‍ കേള്‍ക്കാനായി ആരോ കാത്തിരിക്കുന്നു..'' എന്ന പാട്ടൊക്കെ പാടി മയാമി ബീച്ചിലൂടെ പാടി പാടി നടക്കുകയാണു..അങ്ങനെ ആണ് ഈ വര്‍ഷത്തെ ജന്മദിനാഘോഷങ്ങള്‍ അമേരിക്കയില്‍ ആവാം എന്ന് തീരുമാനിക്കേണ്ടിവന്നത്. എന്തായാലും തിരുവനന്തപുരത്ത്കാരുടെ ഭാഗ്യം. കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങള്‍ കോവളം ബീച്ചില്‍ വച്ച് അക്രമത്തില്‍ കലാശിച്ചതും പോലീസ്പിടിച്ചു ചാമ്പിയതും എല്ലാവരും മറന്നുതുടങ്ങിയിട്ടേ ഉള്ളു. (പിന്നെ കള്ളുകുടിച്ചു റോഡിന്‍റെ നടുക്ക് കേറി നിന്ന് 'എനിക്ക് രണ്ടുവട്ടം പ്രായപൂര്‍ത്തിയായെ' എന്ന് നിലവിളിച്ചാല്‍ പോലീസ് പിന്നെ ഉമ്മ വെക്കുവോ!)


ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങള്‍, ഫിലടെല്‍ഫിയ, തമ്പാനൂര്‍, കാട്ടാകട, റഷ്യ, പൊക്രാന്‍, ഖസാക്കിസ്ഥാന്‍, ചാവക്കാട് എന്നിവിടങ്ങളിലും നടത്തപെടുന്നതാണ്. എല്ലാ ആഘോഷങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌ ഈ തവണയും 'ഭാന്‍സ്' അസോസിയേഷന്‍സ് തന്നെയാണ്. അസോസിയേഷന്‍ സെക്രട്ടറിമാരായ തമ്മനം ഷാജി, പാറശ്ശാല അമ്മിണി, പച്ചാളം ഭാസി എന്നിവര്‍ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. ഞങ്ങളുടെ 'തങ്കക്കുടത്തിന്റെ' ജന്മദിനം ഞങ്ങള്‍ അല്ലാതെ വേറെ ആരാ..?? അമ്മിണി വികാരപരവസയായി... ജന്മദിനാഘോഷങ്ങളോട്‌ അനുബന്ദിച്ചു നാടെങ്ങും സൌജന്യഎല്ല് പരിശോധനയും ക്ഷേത്രങ്ങളില്‍ 101 വെടിവഴിപാടും ഷാജി & ക്വട്ടേഷന്‍ ടീം ഏറ്റെടുത്തുനടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ലോകം മുഴുവന്‍ ഇത്രയും ആഘോഷങ്ങള്‍ നടക്കുമ്പോള്‍ നമ്മള്‍ മേടവാക്കം കമ്മ്യൂണിറ്റിക്ക് അങ്ങനെ വെറുതെ ഇരിക്കാന്‍ പറ്റുമോ... അല്ലെങ്കിലും നമ്മള്‍ ഇല്ലാതെ ബിമലിനു എന്താഘോഷം അല്ലെ...ആയതിനാല്‍ ഇന്നേദിവസം നമ്മള്‍ ഭീകരവിരുദ്ധ, ലഹരിവിരുദ്ധ ദിനമായി ആചരിക്കുകയാണ്. ഇതിന്‍റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ മേടവാക്കം കമ്മ്യൂണിറ്റി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസായ സന്തോഷപുരത്ത് ആരംഭിക്കുകയാണ്. സാമൂഹിക, സാംസ്‌കാരിക, ജനനായകന്മാരുടെ സാന്നിദ്യം ഈ ചടങ്ങിനു നിറം പകരും. ബിമലിന്റെ ജന്മദിനം അടുത്ത വര്‍ഷം മുതല്‍ ദേശിയ പുകയില- ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിക്കണം എന്ന് കേന്ദ്രഗവെന്മേന്റിനോട് ആവശ്യപെടുന്ന പ്രമേയം അന്നേദിവസം അവതരിപ്പിക്കുന്നതായിരിക്കും...

ആഘോഷങ്ങള്‍ക്ക് അപ്പുറം....

ബിമല്‍... ഞങ്ങളുടെ എല്ലാവരുടെയും ഹൃദയംനിറഞ്ഞ പിറന്നാള്‍ ആശംസകള്‍...ആയുരാരോഗ്യങ്ങള്‍ വര്‍ഷിക്കപെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...
ബ്ലോഗ്ഗിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചുതന്ന ഗുരുവിനു ഒരു ശിഷ്യന്റെ സ്നേഹം നിറഞ്ഞ, ബഹുമാനം നിറഞ്ഞ ഗുരുദക്ഷിണയാണിത്‌. ആശാനെ, സ്വീകരിച്ചാലും... :)

ഇതു മെയിലില്‍ കിട്ടുന്നവര്‍ നാട്ടുകവല ല്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന സെയിം സംഭവം ഒന്ന് വായിചേക്കു...കമന്റ്സ്‌ വര്‍ഷിചേക്കു.

എല്ലാവര്‍ക്കും നമസ്കാരം. ശുഭം..
ഷോബിന്‍

Thursday, April 22, 2010

ഞാനും കലയന്താനിയും...



എന്‍റെ സ്വന്തം കലയന്താനി. ഞാന്‍ ജനിച്ചു 21 വയസ്സ് വരെ ജീവിച്ച എന്‍റെ സ്വന്തം നാട്. നാട്ടില്‍ നിന്നും അകലെ ആയിരിക്കുമ്പോളും ആ നാടിന്‍റെ ഓര്‍മ്മകള്‍... എന്താ അതിനു പേര് പറയുന്നത്? ഗൃഹാതുരത്വം എന്നല്ലേ? ആഹ് അങ്ങനെ ആണെന്ന് തോന്നുന്നു.കലയന്താനിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പള്ളിയും, ഞാന്‍ പഠിച്ച പള്ളികുടവും, ചന്തയും, എന്‍റെ വീടും,വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും.......... അങ്ങനെ എന്തെല്ലാം!

പ്രവാസജീവിതത്തിന്റെ ഏറ്റവും വലിയ വിഷമം എന്താണ്? നാട്ടിലുള്ള ബന്ധങ്ങളുടെ അഭാവമല്ലേ? ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം നാട്ടില്‍ പോയിവരാറുള്ള ഞാന്‍ ഒക്കെ വെറും ഒരു സന്ദര്‍ശകന്‍ മാത്രമാണ്. ഓണത്തിനോ ക്രിസ്മസ്നോ നാട്ടില്‍ പോകുന്ന ദിവസങ്ങളില്‍ നല്ല ഭക്ഷണം കഴിച്ചു വീട്ടില്‍ ചടഞ്ഞു കൂടാനാണ് ഞാന്‍ ഇഷ്ടപെടുന്നത്! എന്താണ് ഞാന്‍ എങ്ങനെ! പഴയ സുഹൃത്തുക്കളെ കാണണോ പരിചയം പുതുക്കാനോ ഞാന്‍ ശ്രദ്ധികേണ്ടതായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഞാന്‍ ഒഴിവക്കപെട്ടു എന്ന് പറയുന്നതിനേക്കാള്‍ ഞാന്‍ സ്വയം മാറിനിന്നു എന്ന് പറയുന്നതാവും ശെരി. ഇതു ഞാന്‍ മാത്രമല്ല, ഓരോ മറുനാടന്‍ മലയാളിയും അനുഭവിക്കുന്ന വിഷമമാണ്. ഈശ്വരന്‍ രക്ഷിക്കെട്ടെ!

എന്‍റെ ഗ്രാമത്തെപറ്റി ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

"നിന്നില്‍ നിന്നുയിരാര്‍ന്നോരെന്നില്‍
നിന്നോര്‍മ്മകള്‍ മാത്രം!"

ഷോബിന്‍.

ഞാന്‍ എവിടെ തുടങ്ങട്ടെ...



എന്താണ് ചെന്നൈ എനിക്ക് തന്നത്? ഞാന്‍ എന്നും എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ്.
നീണ്ട 6 വര്‍ഷം പൂര്‍ത്തിയാക്കിയ എന്‍റെ മദിരാശി ജീവിതം എന്താണ് എനിക്ക് തന്നത്? സന്തോഷമോ, സങ്കടങ്ങളോ, നിരാശയോ, മോക്ഷമോ...??
എന്‍റെ ജീവിതത്തെ പറ്റി ഞാന്‍ എഴുതാന്‍ തുടങ്ങുകയാണ്. ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരനല്ല. എനിക്കാപ്പണി അറിയത്തും ഇല്ല! എനിക്ക് പറ്റുന്നതുപോലെ ഞാന്‍ ശ്രമിക്കട്ടെ. ദൈവം എന്നെ സഹായിക്കട്ടെ.
എഴുതാനുള്ള ഭാഷ മലയാളം തിരഞ്ഞെടുത്തത് എനിക്ക് ഇംഗ്ലീഷ് അത്ര വശം ഇല്ലാത്തത് കൊണ്ടുതന്നെ. പിന്നെ മാതൃഭാഷ അമ്മയെ പോലെ സുന്ദരമല്ലേ...അങ്ങനെ അല്ലെ എല്ലാവരും പറയുന്നത്...ആവോ എനിക്കറിയില്ല.... അങ്ങനെ ആവും...
എവിടെ കണ്ടുമുട്ടിയവര്‍ ഏറെയാണ്‌. സ്നേഹിച്ചവരുടെ എണ്ണം ഞാന്‍ എടുത്തിട്ടില്ല. അകന്നു പോയവര്‍ എത്രയാണോ!! വെറുത്തവര്‍ വളരെ കുറവാണ്...എല്ലാവരെയും ഞാന്‍ ഓര്‍ക്കുന്നു. ഇനിയും ഓര്‍ക്കും. എന്നും.....
അപ്പോ എല്ലാം പറഞ്ഞത് പോലെ സ്നേഹിതാ.. . ഞാന്‍ എവിടെ തുടങ്ങട്ടെ. അനുഗ്രഹിച്ചാലും..