Friday, February 2, 2018

ഒരു മണിക്കൂർ ഹെലികോപ്റ്ററിൽ പറക്കാൻ ബെൽ-206 ഹെലികോപ്റ്ററിൽ 65000 രൂപ, റോബിൻസൺ ഹെലികോപ്റ്റർ ആണെങ്കിൽ 90000 രൂപ; അത്രേ ആകുള്ളൂ... ഒരു സാധാരണ ഫ്രന്റ് എൻജിൻ ഹെലികോപ്ടറിന് 27 കി.മി വരെയൊക്കെ മൈലേജ് കിട്ടും, ഹൈവേയിൽ...!!
തൃശ്ശൂർന്ന് തിരുവനന്തപുരത്തോട്ട് പറക്കാൻ ഒരു മണിക്കൂർ ധാരാളമാണ്. അപ്പോ അതിന് ഒരു 90000, പിന്നെ ഡ്രൈവർക്ക് ഒരു 1500 ബാറ്റാ, ആ ബെൽറ്റ് കെട്ടിത്തരാനും ചായ എടുത്തു തരാനും വരുന്ന പെണ്ണിന് ഒരു 750, വെയ്റ്റിംഗ് ചാർജ് എത്ര കൂട്ടിയാലും ഒരു 500. അങ്ങനെ എത്ര കൂട്ടിയാലും 92750 രൂപ വരുന്നിടത്താണ് ആ എയർലൈൻ കമ്പനിക്കാർ 8 ലക്ഷം രൂപ മേടിച്ചെടുത്തത്...!! ഒരു സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരായ നമ്മുടെയൊക്കെ കാര്യം എന്തായിരിക്കും... എന്താ ആരും ഒന്നും പ്രതികരിക്കാത്തേ...
ഓവർ ചാർജ്ജിന് കേസെടുക്കണം പിള്ളേച്ചാ...!! 😡
700 ഓളം കോടി മുടക്കിൽ കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന ഹജ്ജ് സബ്‌സിഡി നിർത്തലാക്കി. ഈ തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ സഹായമാക്കി വിനിയോഗിക്കും.
100 ശതമാനം ശരിയായ തീരുമാനം. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി സഹായിക്കാതെ ശക്തിപ്പെടുത്താനായി സഹായിക്കുന്നതാണ് ഉത്തമം. മനസ്സിലാക്കിയിടത്തോളം സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമേ ഹജ്ജ് നിർബ്ബന്ധമുള്ളൂ. ബാധ്യതകൾ എല്ലാം തീർത്ത ശേഷം സ്വന്തം പണം കൊണ്ടുവേണം ഹജ്ജ് നിർവഹിക്കുവാൻ. അതും ഒരിക്കൽ മാത്രം. സബ്‌സിഡി വാങ്ങി രണ്ടും മൂന്നും തവണ ഹജ്ജ് നിർവഹിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടത് തന്നെയാണ്. അല്ലെങ്കിലും സഹായങ്ങൾ കൊടുക്കേണ്ടതും സ്വീകരിക്കേണ്ടതും അടിസ്ഥാന ആവശ്യങ്ങളായ വീട്, ഭക്ഷണം, വസ്ത്രം, വെള്ളം, വിദ്യാഭാസം എന്നിവയ്ക്ക് മാത്രമായിരിക്കണം, ഇക്കാര്യത്തിൽ മതത്തെ പൂർണ്ണമായും പടിയ്ക്ക് പുറത്ത് നിർത്തണം...
"....കേന്ദ്ര തീരുമാനം ന്യൂനപക്ഷ അവകാശങ്ങളിലേയ്ക്കുള്ള കടന്നു കയറ്റമാണ്. ആ ബഞ്ചമിൻ നെതന്യാഹു വന്ന് പറഞ്ഞിട്ടാണ് മോഡി ഇപ്പോ ഇങ്ങനൊരു തീരുമാനം പ്രഖ്യാപിച്ചത്, അതുകൊണ്ട് സബ്‌സിഡിയുടെ അധിക ഭാരം കേരള സർക്കാർ ഏറ്റെടുക്കും..." എന്ന് ഇവിടാരെങ്കിലും പ്രഖ്യാപിച്ചു കളയുമോ എന്നൊരു പേടിയേ ഉള്ളൂ.... അല്ലാതെ സത്യവിശ്വസികളായ മുസ്ലീങ്ങൾ ഈ തീരുമാനത്തെ എതിർക്കുമെന്ന് തോന്നുന്നില്ല.
ഞങ്ങളുടെ അമ്പലത്തിലെ നടവരവ് മുഴുവനും ദേവസ്വം ബോർഡുവഴി അടിച്ചുമാറ്റി മുസ്ലീങ്ങൾക്ക് ഹജ്ജ് സബ്‌സിഡിയായി നൽകുന്നു എന്ന രീതിയിലുള്ള "ഉണർന്ന ഹിന്ദുക്കളുടെ" ദുഃഖം തെല്ലൊന്ന് ശമിക്കും എന്നൊരു സന്തോഷവുമുണ്ട്. മുസ്ലീങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് അന്തസ്സായി ഹജ്ജ് നിർവഹിച്ചു വരട്ടെ. ആരും ആരുടേം ഓശാരം കൊണ്ടല്ലാതെ ജീവിക്കട്ടെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏
കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഒരു പ്രമുഖ പാർട്ടിയുടെ ജില്ലാ സമ്മേളത്തിനിടയിൽ രൂപപ്പെട്ട ട്രാഫിക് ബ്ലോക്കിൽ പ്രസവ വേദനയുമായി യുവതി കുടുങ്ങിയത് അര മണിക്കൂർ... പറവൂർ ഭാഗത്തുനിന്ന് വന്ന വാഹനം, അഞ്ചു മിനുട്ടുകൊണ്ട് ഓടിയെത്താവുന്ന ബോള്‍ഗാട്ടി ജങ്ക്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂറെടുത്തു...
ഫാസിസ്റ് ഭീകരതയ്‌ക്കെതിരെയുള്ള വിപ്ലവ യുദ്ധപ്രഖ്യാപനം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ പ്രസവിക്കാൻ തയ്യാറായി വന്ന ആ സ്ത്രീ അമേരിക്കൻ ചാര സംഘടനയുടെ ദല്ലാളാണെന്നു വേണം കരുതുവാൻ. ഈ സ്ത്രീയെ മാത്രമല്ല, ഗർഭത്തിനുത്തരവാദിയായ ഭർത്താവിനേയും നിയമ നടപടികൾക്ക് വിധേയരാക്കുകയും, ഇതുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ ഉപകരണങ്ങൾ സർക്കാർ കണ്ടുകെട്ടുകയും ചെയ്യണം...!! 😏
അതേസമയം, മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പ്രമുഖ നേതാവിന്റെ മകനെ അപ്പിയിടാൻ സമ്മതിക്കാത്ത എസ്ഐയെ സസ്‌പെൻഡ് ചെയ്ത സംഭവം തികച്ചും സ്വാഗതാർഹമാണ്. പോലീസ് സ്റ്റേഷനുകളിൽ വരെ പൊതു ശൗചാലയം എന്നതാണ് ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ. ആ സ്വപ്ന സാക്ഷാൽക്കാരത്തിനു വേണ്ടിയാണല്ലോ നമ്മൾ പെട്രോൾ വില കൂട്ടി വിൽക്കുന്നത്.. തടസ്സം നിൽക്കുന്ന ഒരാളേം വെറുതെ വിടാൻ പാടില്ല.
(നിങ്ങളോടൊക്കെ കണ്ടം വഴി ഒന്നോടിയിട്ട് വരാൻ പറയാനും വയ്യല്ലോ... ഉള്ള കണ്ടമെല്ലാം നിങ്ങൾ ഇതിനോടകം ഓടി തീർത്തില്ലേ ... !!) 🤐
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു തറവാട്ടില്‍ അത്യപൂര്‍വമായ ഒരു സംഗീതോപകരണമുണ്ടായിരുന്നു. അമൂല്യമായ നിധി പോലെ ആ കുടുംബം അത് കാത്തുസൂക്ഷിച്ചു. എന്നാല്‍, ആ കുടുംബത്തില്‍പ്പെട്ട ആര്‍ക്കും അത് വായിക്കുവാനറിയുമായിരുന്നില്ല. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഉപകരണം അതിമനോഹരമായി വായിച്ചിരുന്ന പൂര്‍വികര്‍ തങ്ങള്‍ക്കുണ്ടായിരുന്നെന്നു പറഞ്ഞു അവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഊറ്റംകൊണ്ടിരുന്നു. അതേസമയം, ആ സംഗീതോപകരണത്തില്‍ നിന്നുതിരുന്ന അവാച്യമായ സ്വരരാഗങ്ങളെ ശ്രവിക്കാനോ, ആ നാദലയത്തിന്റെ അലൗകികാനുഭൂതി ആത്മവിലാറിയുവാനോ അവര്‍ക്കൊരിക്കലും സാധിച്ചിരുന്നുമില്ല......
ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വികര്‍ അതിമനോഞ്ജമായി അത് വായിച്ചിരുന്നെന്നും, അതിന്റെ രാഗനിര്‍ഝരിയില്‍ മുഗ്ധരായി ആയിരങ്ങള്‍ ആനന്ദനൃത്തമാടിയിട്ടുണ്ടെന്നും അവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വാചാലരായി. പക്ഷേ, ഈ അടുത്ത നൂറ്റാണ്ടിലൊന്നും ആരും അത് ശരിയായി വായിച്ചതായി ആര്‍ക്കും അറിയില്ല. അങ്ങിനെയിരിക്കെ ഒരു ദിനം അവധൂതനായ ഒരു മനുഷ്യൻ ആ വീട്ടിലേയ്ക്കു വന്നു. ആ ഉപകാരണമെടുത്തു നമ്രതയോടെ അദ്ദേഹം വായിക്കാന്‍ തുടങ്ങി. ശ്രുതിസാന്ദ്രമായ ആ സ്വരധാരയിലലിഞ്ഞു പരിസരത്തുള്ളവര്‍ മുഴുവന്‍ ചുറ്റും കൂടി. അവധൂതന്റെ വിരലുകള്‍ ആ ഉപകരണത്തില്‍ സ്പര്‍ശിച്ചപ്പോള്‍ ജീവന്‍ വെച്ചപോലെ അത് സ്വരങ്ങളുതിര്‍ത്തു. അവധൂതന്റെ ആത്മരാഗങ്ങളില്‍ ആനന്ദലഹരിയിലായ അനുവാചകര്‍ സ്വയം മറന്നുപോയി. വിസ്മയാവഹമായ ആ രാഗധാര മന്ത്രമധുരമായ് പെയ്തുതീര്‍ന്നപ്പോള്‍ ചുറ്റുമുള്ളവര്‍ ഒരു ധ്യാനത്തിലെന്നപോലെ മൗനികളായിരുന്നു.
അവരെ നോക്കി ഒരു മൃദു ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു : ' ആയിരം വര്‍ഷം മുമ്പ് ആരോ വായിച്ചാനന്ദിച്ച ഉപകരണം കൊണ്ടു, അത് വായിക്കാനറിയില്ലെങ്കില്‍ നമുക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല. അറിവുള്ള പൂര്‍വികരുടെ മഹത്വം പറഞ്ഞു, സ്വയമറിയാതെ ഊറ്റം കൊള്ളുന്നത് അപക്വവും മൂഢതയുമാണ് ഏത് കാലഘട്ടത്തില്‍ ആയാലും, അന്ന് വായിച്ചാനന്ദിച്ച അനുഭൂതിയും അനുഭവവും നാം സ്വയം അറിയുന്നത് വരെ നമ്മുടെ വാതിലുകള്‍ തുറക്കപ്പെടുന്നില്ല. പൊരുളറിയാന്‍ സൗഭാഗ്യം സിദ്ധിക്കാത്തവര്‍ അറിഞ്ഞവരെ കണ്ടെത്തട്ടെ.' ഇത്രയും പറഞ്ഞു അദ്ദേഹം നടന്നകന്നു.!!
ഇതേ അവസ്ഥ തന്നെയാണ് ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം അവതരിച്ച വിശുദ്ധ വേദ ഗ്രന്ഥങ്ങളെ, യഥാര്‍ത്ഥ്യമറിയാതെ മേനിനടിച്ചു കൊണ്ടുനടക്കുന്നവരുടെ ആന്തരികതലവും. അവര്‍ അതിന്റെ അമൂല്യതയിലും മഹത്വത്തിലും അഹങ്കരിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുമ്പോള്‍ പോലും, അതിന്റെ യാഥാര്‍ത്യത്തെയോ സാരാംശത്തെയോ അറിയാന്‍ കഴിയാതെ പോകുന്നു ...
അപ്പോഴും, മറ്റുള്ളവരോട് തര്‍ക്കിക്കാനും അവരെ ഇകഴ്ത്തിക്കാണിക്കാനും സദാ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെയാണ് അവധൂതന്റെ ദിവ്യസ്പര്‍ശം പ്രസക്തമാകുന്നത്. ഗുരുവഴികളിലെ പ്രകാശമില്ലെങ്കില്‍, അഭൗമരാഗങ്ങള്‍ ഈണമുതിര്‍ക്കുന്ന തന്ത്രികള്‍ പോലും വെറും കമ്പികള്‍ മാത്രം. എന്നാല്‍ ഗുരുസ്പര്‍ശം ഏത് താഴ്ന്ന ലോഹത്തെയും സ്വര്‍ണ്ണമാക്കി പരിവര്‍ത്തിപ്പിക്കുന്നു..
പൊരുളറിഞ്ഞ ഗുരുവില്‍ നിന്ന് വഴിയറിഞ്ഞവനു പിന്നെ സന്ദേഹങ്ങളുണ്ടാവില്ല. അവര്‍ അതിന്റെ ലഹരിയില്‍ ജീവിക്കുകയും മറ്റുളള വഴികളെ എല്ലാം സഹിഷ്ണുതയോടെയും സ്‌നേഹത്തോടെയും സമീപിക്കുകയും ചെയ്യുന്നു.
അതുകൊണ്ട്, അയ്യായിരമോ രണ്ടായിരമോ ആയിരത്തി നാനൂറോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മഹത്വം ഉല്‍ഘോഷിച്ചു ജീവിക്കാനല്ല ;മറിച്ചു മഹത്വമാര്‍ന്ന ജീവിതം ഇന്ന് ജീവിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് നാം ദിവ്യസ്പര്‍ശം ആത്മാവില്‍ അനുഭവിച്ചു തുടങ്ങുന്നത്.
മതങ്ങളുടെ അന്ത:സത്ത അറിഞ്ഞു ജീവിക്കാത്ത വിശ്വാസി വെറും അലങ്കാരം മാത്രം. അതേസമയം, മതം തെറ്റായി പഠിച്ചവരെ പിന്തുടരുന്നവര്‍ അപശ്രുതി നിറയ്ക്കുന്നവരുമാണ്. അലങ്കാരം മാത്രമായുള്ള മതം അര്‍ത്ഥശൂന്യമാണ്. സമൂഹത്തില്‍ അപശ്രുതി നിറയ്ക്കുന്നവര്‍ അക്രമകാരികളുമാണ്.
അതേസമയം, മതങ്ങളുടെ പൊരുള്‍ അറിഞ്ഞ ഗുരുക്കന്മാരില്‍ നിന്നു ശ്രുതി തെറ്റാതെ പകര്‍ന്നെടുത്തവര്‍ക്കു മാത്രമേ ഒരു സ്വരലയമായി, ലോകത്തിനു അനുഗ്രഹമായി ജീവിക്കാനാവൂ...
എംജിആർ തമിഴ് സിനിമാ ലോകത്ത് ചക്രവർത്തിയായി വാഴുന്ന കാലത്ത്, 1970 ൽ, "യേശുനാഥർ" എന്ന പേരിൽ ഒരു സിനിമയെടുക്കാൻ ശ്രമിച്ചിരുന്നു. കലൈഞ്ജർ കരുണാനിധി ആയിരുന്നു കഥ എഴുതിയിരുന്നത്. ചിത്രത്തിന്റെ പൂജയും, ഫോട്ടോസെക്ഷനും കഴിഞ്ഞു. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കെ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.." എന്ന ഡയലോഗ് പറഞ്ഞ് ഒരു സീൻ ഷൂട്ട് ചെയ്യുകയും ചെയ്തു.
മദ്രാസ് അതിരൂപതാ ആസ്ഥാനത്ത് തുടർചർച്ചകൾക്ക് ഒത്തുകൂടിയപ്പോൾ എംജിആർ വിചിത്രമായ ഒരു നിർദേശം മുന്നോട്ടു വച്ചു. കിടിലൻ ഡയലോഗുകൾ അടിച്ചുവിടുന്നത്, തൊട്ട് രോഗം മാറ്റി കൂടി നിൽക്കുന്നവരുടെ കയ്യടി മേടിക്കുന്നത്, മരിച്ചവരെ ഉയർപ്പിക്കുന്നത്, അപ്പം വർദ്ധിപ്പിക്കുന്നത് ഒക്കെ കൊള്ളാം, സൂപ്പർ ആയിരിക്കും... അത്യാവശ്യം ആണെങ്കിൽ മാത്രം ഒന്നോ രണ്ടോ അടിയും മേടിച്ച്, കുരിശേൽ ഒന്ന് കേറിയേക്കാം. പക്ഷെ അടുത്ത സീനിൽ ആണിയൊക്കെ പറിച്ചുകളഞ്ഞ് കുരിശിൽ നിന്ന് ചാടിവരുന്ന യേശു, പട്ടാളക്കാരുടെ കയ്യിൽ നിന്ന് ചാട്ടവാർ പിടിച്ച് മേടിച്ചെടുത്ത് അവിടെ കൂടി നിൽക്കുന്ന യൂദന്മാരെ മൊത്തം അടിച്ചോടിക്കണം, അടികൊണ്ട് മുതുകു തിരുമ്മി ഓടുന്ന യൂദന്മാരെ കണ്ട് മാതാവും, മഗ്ദലന മറിയവും, യോഹന്നാനും പൊട്ടിപ്പൊട്ടി ചിരിക്കണം. ഇതെല്ലാം കണ്ട് എല്ലാവരും വാ പൊളിച്ചു നിൽക്കുമ്പോൾ, "യേശു ഡാ" ന്ന് കനത്തിലൊന്ന് പറഞ്ഞ്, നിലത്തുനിന്ന് രണ്ടടി മേലെക്കൂടി ഒഴുകി ഒഴുകി യേശു ഗാഗുൽത്താ മല ഇറങ്ങി താഴോട്ട് പോകുമ്പോൾ "ശുഭം" എന്ന ലാസ്‌റ് കാർഡ് എഴുതി കാണിക്കണം...!! അങ്ങനെ ആണെങ്കിൽ മാത്രം സാർ അഭിനയിക്കും, ഇല്ലേൽ ഇല്ല. കുരിശിൽ മരിച്ചാലും മൂന്നു ദിവസം കഴിഞ്ഞ് കളർ ഫുള്ളായി ഉയർപ്പിക്കാം എന്നൊക്കെ അനുനയം പറഞ്ഞെങ്കിലും പുരട്ച്ചി തലൈവർ അമ്പിനും വില്ലിനും അടുത്തില്ല. ഒരേയൊരു സീനുമായി ആ പടം ഇന്നും മദ്രാസ് രൂപതാ ആസ്ഥാനത്ത് ഉണ്ടു പോലും. അന്നെടുത്ത സ്റ്റിൽസ് മാലയിട്ട് തമിഴന്മാർ വീടിന്റെ പടിയ്ക്കൽ ഇപ്പോഴും വയ്ക്കാറുമുണ്ട്. അതാണ് ശരിക്കുമുള്ള യേശു എന്ന വിചാരത്തിൽ...!!
ഇന്നിവിടെ ഒരു പള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ച് അവതരിപ്പിച്ച ലൈറ്റ് ഷോ കണ്ടപ്പോൾ, ആ പള്ളിയിൽ പഴയ എംജിആർ ന്റെ യേശുവാണോ ഇരിക്കുന്നത് എന്ന് തോന്നിപ്പോയി. പണ്ടുകാലത്ത് കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടകം കണ്ട അതേ ഓർമ്മ. ഹൈ ബാസ്സ് സൗണ്ട്, ചോര ചുവപ്പ് കളർ, പിള്ളേരുടെ പേടിച്ചുള്ള കാറൽ... എല്ലാം ഡിറ്റോ സെയിം... ഏത് മുന്തിയ പിശാചിനേം പേടിപ്പിക്കുന്ന കർത്താവ് ഇത്തവണ തകർന്നുപോയി.... അടുത്ത പറമ്പിലെ പനയിൽ നിന്നും താങ്ങി ഇറക്കികൊണ്ടു വരികയായിരുന്നു എന്നാണ് കേട്ടത്.... !!

Sunday, July 26, 2015

എന്താടോ എല്ലാവരും ഇങ്ങനെ...!!

ശർമ്മയുടെ ഹൃദയം, ക്രിസ്ത്യാനിയുടെ ശരീരം, മുസ്ലിമിന്റെ സാമ്പത്തിക സഹായം, ആശുപത്രി അച്ചന്മാരുടെ, വണ്ടി ഓടിച്ചത് നായര്, പെട്ടി പിടിച്ചത് മേനോൻ, പോലീസിനു ഉത്തരവു കൊടുത്തത് നായർ മന്ത്രി, ഓർത്തഡോൿസ് മുഖ്യമന്ത്രി, കോണ്‍ഗ്രസ്‌, യുഡിഫ്, ആശുപത്രിയുടെ സെക്യൂരിറ്റി നേപ്പാളി, റോഡ് നന്നാക്കിയത് ബംഗാളി, നോക്കിനിന്നതൊരു കാക്കാലൻ, ചെരുപ്പുകുത്തി....
കേരളത്തിലെ ആദ്യത്തെ എയർ ആംബുലൻസ് പരീക്ഷണം വിജയിച്ചതിന്റെ ക്രെഡിറ്റ് അങ്ങനെ എല്ലാവരും കൂടി പങ്കിട്ടെടുത്തു. സാത്വികമായ ഹൃദയത്തിന്, ഉടമയായ ശരീരം മാംസം കഴിക്കുന്നത് കാണുമ്പോൾ എന്തുതോന്നുമെന്ന ആശങ്കവരെ പങ്കുവയ്ക്കുന്നത് കണ്ടു. ഇത്രയും ജാതി വേർതിരിവ് കാണേണ്ടിവന്ന ഒരു സംഭവം അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല, ഒരു പക്ഷെ മനപൂർവ്വമല്ലായിരിക്കാം...
ഇത്തരം പോസ്റ്റുകൾ എഴുതുന്നവർ/ ഫോർവേഡ് ചെയ്യുന്നവർ ഓർക്കേണ്ട ഒരു കാര്യം. മാത്യു അച്ചാടൻ എന്ന പേരു മാത്രം കണ്ട് അയാൾ ക്രിസ്ത്യാനിയാണ്, വിശ്വാസിയാണ് എന്നെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഒരു ക്രിസ്ത്യൻ പേരുകാരൻ ഒരുപക്ഷെ നിരീശ്വരവാദിയായിക്കൂടെ? ജോസഫ് ഇടമറുക്, എബ്രഹാം കോവൂർ തുടങ്ങിയ പേരുകൾ കേട്ട് അവരെയങ്ങ് നമ്മുടെസമുദായത്തിന്റെ ആളാക്കിക്കളയാമെന്നു വിചാരിച്ചു നോക്കൂ. വിവരം അറിയും !
അതേസമയം ഇത്രയും മഹത്തായ ഒരു കാര്യം നടന്നതു കാണുമ്പോൾ, മനുഷ്യനിൽ നന്മ തീർത്തും ഇല്ലാതായിട്ടില്ല എന്നു തെളിയപ്പെടുമ്പോൾ, ഒരു മനുഷ്യന്റെ ഹൃദയം കുറേ നല്ല മനുഷ്യരുടെ സന്മനസ്സുകൊണ്ട് മറ്റൊരു മനുഷ്യന് ഉപകാരപ്പെടുമ്പോൾ യഥാർഥ മനുഷ്യസ്നേഹിക്ക് ഹൃദയം തുറന്നു സന്തോഷിക്കാനേ സാധിക്കൂ, അല്ലാതെ ജാതിതിരിച്ച് ആ സംഭവത്തെ പിരിച്ചുകാണാൻ സാധിക്കില്ല.
അപ്രതീക്ഷിതമായി വൈധവ്യം ഏൽക്കേണ്ടി വന്ന ശർമയുടെ ഭാര്യ, പിതൃവാത്സല്യം നഷ്ടപെട്ട ആ കുട്ടികൾ, ജീവിതത്തിൽ വീണ്ടും പ്രതീക്ഷ വീണ്ടുകിട്ടിയ അച്ചാടൻ കുടുംബം, എല്ലാവർക്കും ഹൃദയാഭിവാദ്യങ്ങൾ....

Thursday, December 11, 2014

(അങ്ങു പാലായിൽ നിന്ന് ഒരു വല്യപ്പച്ചൻ) "ഹല്ലേ... ഇതാ ഇപ്പോ വല്യ കാര്യമായത്... ഞങ്ങടെ കോരസാറ് ഒരു കോടി രൂപാ കൈകൂലി മേടിച്ചെന്നുംപറഞ്ഞു അങ്ങേരേ ചിലവന്മാര് വിഷമിപ്പിക്കാൻ തുടങ്ങീട്ടു കാലം കുറെ ആയി കേട്ടോ. ഞങ്ങക്കൊ ഞങ്ങടെ കോരസാറിനോ നിങ്ങടെ കോടിയൊന്നും വേണ്ടടാ ഉവ്വേ. അങ്ങ് റോമിലെ മാർപാപ്പ കഴിഞ്ഞാ പിന്നെ ഞങ്ങക്കെല്ലാം ഞങ്ങടെ കോരസാറാ, ഓസുമോൻ ഞങ്ങടെ സ്വന്തം മോനും, അതറിയാമോ നിനക്കൊക്കെ. അങ്ങേരേ ചുമ്മാ വിഷമിച്ചാ ദൈവം പോലും പൊറുക്കുവേല കേട്ടോ, പറഞ്ഞില്ലെന്നു വേണ്ട. റേഞ്ച് മാറി കളിച്ചോനെ ഒന്നും ഞങ്ങള് മലയോരകോണ്‍ഗ്രസുകാര് വെറുതെ വിട്ടിട്ടില്ല... ഞങ്ങൾ ഇത്തിരി വനം കയ്യേറുവോ കള്ളവാറ്റു നടത്തുവോ ചെയ്താൽ നിനക്കൊക്കെ വല്യ സൂക്കേടാ അല്ലിയോ, തൊമ്മിച്ചൻ സാറിനൊക്കെ എന്തുമാകാം, എന്നാശെരി, പോട്ടേടാ ഉവ്വേ, താമസിച്ചു ചെന്നാ ഷാപ്പടയ്ക്കും " (ഗീവർഗീസു ചേട്ടൻ TV ചർച്ചയിൽ ലൈവ് ആയിട്ട്) "ഇതൊരു വക കോ... (ക്ണീം....ടി വീൽ കാണിക്കുമ്പോ ഇങ്ങനെ സൌണ്ട് ഇടണം) ...ലെ ഇടപാടായിപോയി... ഒരു ത... (ക്ണീം...!).. വിചാരിച്ചാലും കോരസാറിനെ ഒരു മ...(ക്ണീം...!) ചെയ്യാൻ പറ്റുകേല, അതിനു ഞങ്ങൾ സമ്മതിക്കുകേം ഇല്ല.. അതിനു വെച്ച വെള്ളം അങ്ങു ...(ക്ണീം...!ക്ണീം...!) ക്ക് വച്ചാ മതി........ ജ്ഞമ... ക്ഷമ്ണ...ച്ജ്ഞ... (ക്ണീം...!ക്ണീം...!ക്ണീം...!)" (കോരസാർ, ലൂര്ദ്പള്ളിന്നു കുർബാന കണ്ടു ഇറങ്ങുന്നതിനിടയിൽ) "ഞാൻ കോഴ വാങ്ങിച്ചുന്നു പറയുന്നൊരു ഒരു കാര്യം ഓർക്കണം, ഞാൻ എന്ത് എവിടുന്നു മേടിച്ചാലും അത് ജനങ്ങളുടെ നന്മക്കല്ലെ, അതു നിങ്ങൾ മറക്കാൻ പാടുണ്ടോ, അങ്ങനെയൊക്കെ ആരോപണം ഉന്നയിക്കാമോ...എന്നതായാലും കോരസാറ് 5 വർഷം തികച്ചിട്ടെ ഇറങ്ങത്തുള്ളൂ... ക്ഹാ ക്ഹാ"