Sunday, July 26, 2015

എന്താടോ എല്ലാവരും ഇങ്ങനെ...!!

ശർമ്മയുടെ ഹൃദയം, ക്രിസ്ത്യാനിയുടെ ശരീരം, മുസ്ലിമിന്റെ സാമ്പത്തിക സഹായം, ആശുപത്രി അച്ചന്മാരുടെ, വണ്ടി ഓടിച്ചത് നായര്, പെട്ടി പിടിച്ചത് മേനോൻ, പോലീസിനു ഉത്തരവു കൊടുത്തത് നായർ മന്ത്രി, ഓർത്തഡോൿസ് മുഖ്യമന്ത്രി, കോണ്‍ഗ്രസ്‌, യുഡിഫ്, ആശുപത്രിയുടെ സെക്യൂരിറ്റി നേപ്പാളി, റോഡ് നന്നാക്കിയത് ബംഗാളി, നോക്കിനിന്നതൊരു കാക്കാലൻ, ചെരുപ്പുകുത്തി....
കേരളത്തിലെ ആദ്യത്തെ എയർ ആംബുലൻസ് പരീക്ഷണം വിജയിച്ചതിന്റെ ക്രെഡിറ്റ് അങ്ങനെ എല്ലാവരും കൂടി പങ്കിട്ടെടുത്തു. സാത്വികമായ ഹൃദയത്തിന്, ഉടമയായ ശരീരം മാംസം കഴിക്കുന്നത് കാണുമ്പോൾ എന്തുതോന്നുമെന്ന ആശങ്കവരെ പങ്കുവയ്ക്കുന്നത് കണ്ടു. ഇത്രയും ജാതി വേർതിരിവ് കാണേണ്ടിവന്ന ഒരു സംഭവം അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല, ഒരു പക്ഷെ മനപൂർവ്വമല്ലായിരിക്കാം...
ഇത്തരം പോസ്റ്റുകൾ എഴുതുന്നവർ/ ഫോർവേഡ് ചെയ്യുന്നവർ ഓർക്കേണ്ട ഒരു കാര്യം. മാത്യു അച്ചാടൻ എന്ന പേരു മാത്രം കണ്ട് അയാൾ ക്രിസ്ത്യാനിയാണ്, വിശ്വാസിയാണ് എന്നെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഒരു ക്രിസ്ത്യൻ പേരുകാരൻ ഒരുപക്ഷെ നിരീശ്വരവാദിയായിക്കൂടെ? ജോസഫ് ഇടമറുക്, എബ്രഹാം കോവൂർ തുടങ്ങിയ പേരുകൾ കേട്ട് അവരെയങ്ങ് നമ്മുടെസമുദായത്തിന്റെ ആളാക്കിക്കളയാമെന്നു വിചാരിച്ചു നോക്കൂ. വിവരം അറിയും !
അതേസമയം ഇത്രയും മഹത്തായ ഒരു കാര്യം നടന്നതു കാണുമ്പോൾ, മനുഷ്യനിൽ നന്മ തീർത്തും ഇല്ലാതായിട്ടില്ല എന്നു തെളിയപ്പെടുമ്പോൾ, ഒരു മനുഷ്യന്റെ ഹൃദയം കുറേ നല്ല മനുഷ്യരുടെ സന്മനസ്സുകൊണ്ട് മറ്റൊരു മനുഷ്യന് ഉപകാരപ്പെടുമ്പോൾ യഥാർഥ മനുഷ്യസ്നേഹിക്ക് ഹൃദയം തുറന്നു സന്തോഷിക്കാനേ സാധിക്കൂ, അല്ലാതെ ജാതിതിരിച്ച് ആ സംഭവത്തെ പിരിച്ചുകാണാൻ സാധിക്കില്ല.
അപ്രതീക്ഷിതമായി വൈധവ്യം ഏൽക്കേണ്ടി വന്ന ശർമയുടെ ഭാര്യ, പിതൃവാത്സല്യം നഷ്ടപെട്ട ആ കുട്ടികൾ, ജീവിതത്തിൽ വീണ്ടും പ്രതീക്ഷ വീണ്ടുകിട്ടിയ അച്ചാടൻ കുടുംബം, എല്ലാവർക്കും ഹൃദയാഭിവാദ്യങ്ങൾ....