Thursday, December 11, 2014

(അങ്ങു പാലായിൽ നിന്ന് ഒരു വല്യപ്പച്ചൻ) "ഹല്ലേ... ഇതാ ഇപ്പോ വല്യ കാര്യമായത്... ഞങ്ങടെ കോരസാറ് ഒരു കോടി രൂപാ കൈകൂലി മേടിച്ചെന്നുംപറഞ്ഞു അങ്ങേരേ ചിലവന്മാര് വിഷമിപ്പിക്കാൻ തുടങ്ങീട്ടു കാലം കുറെ ആയി കേട്ടോ. ഞങ്ങക്കൊ ഞങ്ങടെ കോരസാറിനോ നിങ്ങടെ കോടിയൊന്നും വേണ്ടടാ ഉവ്വേ. അങ്ങ് റോമിലെ മാർപാപ്പ കഴിഞ്ഞാ പിന്നെ ഞങ്ങക്കെല്ലാം ഞങ്ങടെ കോരസാറാ, ഓസുമോൻ ഞങ്ങടെ സ്വന്തം മോനും, അതറിയാമോ നിനക്കൊക്കെ. അങ്ങേരേ ചുമ്മാ വിഷമിച്ചാ ദൈവം പോലും പൊറുക്കുവേല കേട്ടോ, പറഞ്ഞില്ലെന്നു വേണ്ട. റേഞ്ച് മാറി കളിച്ചോനെ ഒന്നും ഞങ്ങള് മലയോരകോണ്‍ഗ്രസുകാര് വെറുതെ വിട്ടിട്ടില്ല... ഞങ്ങൾ ഇത്തിരി വനം കയ്യേറുവോ കള്ളവാറ്റു നടത്തുവോ ചെയ്താൽ നിനക്കൊക്കെ വല്യ സൂക്കേടാ അല്ലിയോ, തൊമ്മിച്ചൻ സാറിനൊക്കെ എന്തുമാകാം, എന്നാശെരി, പോട്ടേടാ ഉവ്വേ, താമസിച്ചു ചെന്നാ ഷാപ്പടയ്ക്കും " (ഗീവർഗീസു ചേട്ടൻ TV ചർച്ചയിൽ ലൈവ് ആയിട്ട്) "ഇതൊരു വക കോ... (ക്ണീം....ടി വീൽ കാണിക്കുമ്പോ ഇങ്ങനെ സൌണ്ട് ഇടണം) ...ലെ ഇടപാടായിപോയി... ഒരു ത... (ക്ണീം...!).. വിചാരിച്ചാലും കോരസാറിനെ ഒരു മ...(ക്ണീം...!) ചെയ്യാൻ പറ്റുകേല, അതിനു ഞങ്ങൾ സമ്മതിക്കുകേം ഇല്ല.. അതിനു വെച്ച വെള്ളം അങ്ങു ...(ക്ണീം...!ക്ണീം...!) ക്ക് വച്ചാ മതി........ ജ്ഞമ... ക്ഷമ്ണ...ച്ജ്ഞ... (ക്ണീം...!ക്ണീം...!ക്ണീം...!)" (കോരസാർ, ലൂര്ദ്പള്ളിന്നു കുർബാന കണ്ടു ഇറങ്ങുന്നതിനിടയിൽ) "ഞാൻ കോഴ വാങ്ങിച്ചുന്നു പറയുന്നൊരു ഒരു കാര്യം ഓർക്കണം, ഞാൻ എന്ത് എവിടുന്നു മേടിച്ചാലും അത് ജനങ്ങളുടെ നന്മക്കല്ലെ, അതു നിങ്ങൾ മറക്കാൻ പാടുണ്ടോ, അങ്ങനെയൊക്കെ ആരോപണം ഉന്നയിക്കാമോ...എന്നതായാലും കോരസാറ് 5 വർഷം തികച്ചിട്ടെ ഇറങ്ങത്തുള്ളൂ... ക്ഹാ ക്ഹാ"

Monday, December 8, 2014

ഡിസം 6 , 1992

സ്വതന്ത്രഭാരത ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന ഒരു കറുത്ത അധ്യായം ആയിരുന്നു ഡിസം 6 , 1992 എന്നത് നിസ്തർക്കമാണ്. ഓരോ ഭാരതീയന്റെയും മനസ്സിൽ ആ സംഭവം സൃഷ്ടിച്ച ഭയവും അരക്ഷിതബോധവും പരസ്പരസംശയവും എത്രത്തോളം വലുതായിരുന്നു എന്നതു പിന്നീടു നടന്ന ഓരോ സംഭവവികാസങ്ങളും ശരിവയ്ക്കുന്നു. ഒരു മതേതരരാഷ്ട്രത്തിന്റെ അന്തസ്സിനു ഒരിക്കലും ഭൂഷണമല്ലാത്ത തീരാകളങ്കമായിരുന്നു പ്രസ്തുത സംഭവം… എങ്കിലും കാലംമായ്ക്കാത്ത മുറിവുകൾ ഇല്ല എന്നു പറയുന്നതുപോലെ കാലക്രമേണ ഈ മുറിവും എല്ലാവരും മറക്കേണ്ടതായിരുന്നു. എന്നാൽ എങ്ങനെയാണു എല്ലാ ഡിസം 6 കളും കടന്നുപോകുന്നത്. 2014 ഡിസം 6 എങ്ങനെയാണു കടന്നുപോയത്. 1. RSS ന്റെ ശക്തിപ്രകടനം 2. NDF ന്റെ പ്രതിഷേധദിനം 3. DYFI ടെ മതനിരപേ ക്ഷ താ ദിനം 4. ബാബറി മസ്ജിദ് പുനർനിർമിതി ആവശ്യപെട്ടുള്ള PDP & CPIM സമ്മേളനം 5.കവലകൾതോറും ഇവരുടെയൊക്കെ തീപ്പൊരിപ്രസംഗങ്ങൾ 6. ഓരോ മുക്കിലും 'ബാബറി മസ്ജിദ്, മറക്കരുതേ' എന്നുള്ള ബാനറുകൾ 7. എല്ലാ മാധ്യമങ്ങളിലും ഇടവിട്ട് വന്നുകൊണ്ടിരുന്ന ഓർമ പെടുത്തൽ പോലുള്ള ദൃശ്യങ്ങൾ 8. 'ശബരിമലയിൽ പ്രത്യേക സുരക്ഷ' എന്ന സ്പെഷ്യൽ വാർത്ത 22 വർഷം മുൻപ് നടന്ന, ഒത്തിരി ആളുകൾ മറന്ന, മറക്കാൻ ശ്രമിക്കുന്ന ഈ ദുരന്തം, അത് സമൂഹത്തിൽ ഏൽപിച്ച മുറിവിനെ കുത്തിയിളക്കി വികൃതമാക്കാനേ മേൽപറഞ്ഞ സംഗതികൾ ഉപകരിക്കൂ. പുതുതലമുറയുടെ, ഇനിവരുന്ന തലമുറകളുടെ മനസ്സിൽ കുത്തിവയ്ക്കപ്പെടുന്ന വിദ്വേഷം, അതിന്റെ പരിണിതഫലം എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ. ചുറ്റുപാടും ഉള്ളവരെ സംശയദൃഷ്ടിയോടെ മാത്രം നോക്കികാണുന്ന ഭയപ്പാടോടെ ജീവിക്കേണ്ടിവരുന്ന ഒരു ജനത, എത്ര ഭീകരമായിരിക്കും ആ അവസ്ഥ!! പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഒരിക്കലും ഈ പരാന്ന ഭോജികൾ സമ്മതിക്കില്ല, പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ലോകത്ത് ഇവർക്ക് നിലനിൽപ്പില്ലല്ലൊ! so called വികസനമുന്നണികളും, ചോരകുടിയൻ മാധ്യമങ്ങളും ദയവു ചെയ്തു ഒരു കാര്യം ശ്രദ്ധിക്കൂ, പുതുതലമുറയുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാൻ പറ്റില്ലെങ്കിൽ വേണ്ട, അവരുടെ മനസ്സിനെ എങ്കിലും സ്വതന്ത്രമായി വിടൂ. മനസ്സിനേറ്റ മുറിവുകൾ മറന്ന്, സ്വപ്നം കാണുന്ന മനസ്സും ആരോഗ്യമുള്ള ചിന്തകളും ഉള്ള ഒരു പുതുതലമുറ വളർന്നുവരട്ടെ, അതിനു നിങ്ങളുടെ സഹായം ആവശ്യമില്ല പ്രിയപ്പെട്ട രാഷ്ട്രീയക്കാരാ...അവരിൽ നിന്നും അകന്നുനിന്നാൽ മാത്രം മതി.... ഒരു മതനിരപേക്ഷ ഭാരതത്തിനു വേണ്ടി ഇത്രയെങ്കിലും ചെയ്യൂ...

Sunday, December 7, 2014

ഈ ചതിയന്മാരെ എന്തു പേര് വിളിക്കണം?? !! മുല്ലപെരിയാർ ഡാമിലെ വെള്ളം 132 അടിയായപ്പോൾ ഉറക്കം നഷ്ടപെട്ട മന്ത്രിയും, മനുഷ്യചങ്ങല തീർത്ത പാർട്ടിക്കാരും ഇപ്പൊ എവിടെ? ഡാം അവിടെ 140 അടിയായി നിറഞ്ഞു തുളുമ്പി നിൽക്കുമ്പോ കേരളത്തിലെ ഭരണകർത്താക്കൾക്കും, പ്രതിപക്ഷത്തിനും, എന്തിനും ഏതിനും പ്രതികരിക്കുന്ന ഫേസ് ബൂക്കന്മാർക്കും ചിന്തിച്ചു തല പുകക്കാൻ എത്രയോ വിഷയങ്ങൾ 1.ബാർ പൂട്ടുമോ 2. പൂട്ടിയ ബാർ തുറക്കുമോ 3. ബാർ മുതലാളി തന്ന കാശ് എങ്ങനെ വീതം വയ്ക്കും 4. ആരൊക്കെ ആർക്കൊക്കെ ഉമ്മ കൊടുക്കുന്നു 5.എനിക്ക് ഉമ്മ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ 6. സരിതയുടെ അടുത്ത വീഡിയോ എന്നു പുറത്തു വരും 7. പാകിസ്ഥാൻ, ഇറ്റലി, മോഡി, ബോക്കൊഹരാം, ഐ എസ്, ചൈന കമ്മ്യൂണിസം തമിഴൻ കൊടുത്ത പിച്ച കൈനീട്ടി വാങ്ങിയ ഭരണ-പ്രതിപക്ഷമില്ലാത്ത നേതാക്കളും, ന്യായധിപനും, വനം കയ്യേറ്റക്കാരും, ജനപ്രതിനിധികളും നാളുകളായി ചപ്പാത്തിൽ സമരം ചെയ്യുന്ന, ആ നാട്ടിൽ ജീവിക്കുന്ന പാവങ്ങളെ ചതിക്കുകയാണ്. ഇനിയും വോട്ട് ചോദിച്ചു ചെല്ലുന്ന ശുഭ്രവസ്ത്രധാരിയെ ചാണകം മുക്കിയ ചൂലിന് തല്ലി ഓടിക്കുകയാണ് വേണ്ടത്. സംസ്ഥാനതാൽപര്യങ്ങൾക്ക്‌ വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് ഇവനൊക്കെ തമിഴ്നാട്ടിൽ തന്നെ പോയി പഠിക്കട്ടെ. അല്ലെങ്കിൽ ഇടുക്കി ജില്ല മൊത്തമായോ ചില്ലറയായോ തമിഴ്നാടിനു തീറെഴുതി വിൽക്കട്ടെ, അവർ തന്നെ പണിതോളും, പുതിയ ഡാം (2 വർഷം മുൻപ് നടന്ന മുല്ലപെരിയാർ ഹർത്താൽ ദിവസം എന്റെ വീടിനടുത്ത കവലയിലേക്കു ബൈക്കിൽ പോയ എന്നെ വഴിതടഞ്ഞ SDPI കാരനെ ഇനി കണ്ടാൽ അവന്റെ തല ഞാൻ അടിച്ചു പൊളിക്കും, തീർച്ച !!)

കൃഷ്ണാ നീ എവിടെ???

കേരള നിയമസഭയുടെ സമ്മേളനം ആരംഭിച്ചു മൂന്നു മഹത്തായ ദിവസങ്ങൾ കടന്നുപോയിരിക്കുകയാണ്. മൂന്നു ദിവസവും നടന്നത് മിക്കവാറും ഒരേ സംഭവങ്ങളാണ് 1. രാവിലെ തന്നെ എല്ലാവരും സഭയിൽ എത്തുന്നു, 2. പ്രതിപക്ഷം ഏതെങ്കിലും വിഷയത്തിൽ അവതരണാനുമതി ചോദിക്കുന്നു, 3. മുഖ്യമന്ത്രി/ വകുപ്പു മന്ത്രി പറയുന്ന എന്തെങ്കിലും 'മണകൊണഞ്ചൻ' ഉത്തരം കേട്ട് സ്പീക്കർ അനുമതി നിഷേധിക്കുന്നു, 4. പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുന്നു , 5. എല്ലാവരും നടുതളത്തിലെക്ക്, ചിലർ സ്പീക്കർ ഡയസ് ലേക്ക്, 6. വന്നതിലും ആവേശത്തോടെ പ്രതിപക്ഷ അംഗങ്ങൾ പുറത്തേക്ക്, 7. തങ്ങൾക്കു പോകാൻ പറ്റില്ലല്ലോ എന്ന വിഷമത്തിൽ ഭരണപക്ഷ അംഗങ്ങൾ, 8. പ്രധാനപെട്ടത് അടക്കം ഓർഡിനൻസ്കൾ വോട്ട് ഇല്ലാതെതന്നെ അംഗീകരിക്കപ്പെടുന്നു, 9. 10 മിനിറ്റിൽ എല്ലാവരും പുറത്തെത്തുന്നു, 10. അന്നത്തെ 'മഹത്തായ നിയമനിർമാണം' സമംഗളം പര്യവസാനിക്കുന്നു!! ഇവിടെ നഷ്ടം സംഭവിക്കുന്നത്‌ ആർക്കാണ്. കൃത്യമായി നികുതി അടക്കുന്ന 50 ശതമാനത്തിൽ താഴെ വരുന്ന പൊതുജനത്തിന് തന്നെയല്ലേ. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ ചർച്ച ചെയ്തു ക്രിയാത്മകവും യുക്തിസഹവുമായ തീരുമാനങ്ങൾ കൈകൊണ്ടു നടപ്പിലാക്കുന്നതിനു പകരം ചെറിയ കാരണങ്ങൾ പെരുപ്പിച്ചു കാട്ടി പുറത്തേക്കു ചാടാൻ വെമ്പൽ കാട്ടുന്നത് ജനാധിപത്യത്തിന്റെ ഏതു ന്യായം പറഞ്ഞാലും നീതീകരിക്കപെടുമോ. ക്രിയാത്മകമായി പ്രവർത്തിക്കേണ്ട പ്രതിപക്ഷം പുറത്തുപോകുന്ന തക്കം നോക്കി ഓർഡിനൻസ് കൾ യാതൊരു ചർച്ചയും കൂടാതെ പാസ്സാകുന്നു. അത് ജനങ്ങൾക്ക്‌ നന്മയാണോ ദ്രോഹമാണോ വരുത്തുന്നത് എന്നുപോലും പ്രതിപക്ഷം അറിയുന്നില്ല. ഈ കൊഞ്ഞനംകുത്തലും തമ്മിൽതല്ലും നിയമസഭാബഹിഷ്കരണവും നടത്താനാണോ 5 വർഷം കൂടുമ്പോൾ ക്യൂ നിന്ന് വോട്ട് ചെയ്തു 140 പേരെ നമ്മൾ തിരഞ്ഞെടുത്തു വിടുന്നത്? പ്രതിഷേധിക്കേണ്ട കാര്യങ്ങളിൽ അതു ചെയ്യുകതന്നെ വേണം. പക്ഷെ അതു ഇറങ്ങിപോക്ക് നടത്തിയിട്ടല്ല, സഭ അവസാനിക്കുവോളം അവിടെ തന്നെയിരുന്നു ചർച്ച ചെയ്തു കിട്ടാത്തത് മേടിച്ചെടുക്കണം. ജയിപ്പിച്ചു വിട്ട ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ. നമ്മൾ വോട്ട് ചെയ്തു ജയിപ്പിച്ചു, നമ്മൾ കൊടുക്കുന്ന നികുതിപണം ദുർവ്യയം ചെയ്തു, തിന്നു കട്ടു മുടിച്ച്‌, തോന്നിയവാസങ്ങൾ എഴുന്നെള്ളിക്കുന്നതും പോരാ, സഭ ബഹിഷ്കരിച്ച ദിവസത്തെ ബത്തയും കൈനീട്ടി മേടിക്കും, യാതൊരു ഉളുപ്പും ഇല്ലാതെ. സഭ ബഹിഷ്കരിക്കുന്ന ദിവസം ബത്ത ഉണ്ടായിരിക്കുന്നതല്ല എന്ന ഒറ്റ റൂളിംഗ് മതി ഈ തോന്നിയവാസം അവസാനിപ്പിക്കാൻ. പക്ഷെ ഈ പൂച്ചക്ക് ആരു മണി കെട്ടും !! ജനാധിപത്യം ആകുന്ന ദ്രൗപതി, ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വച്ചു തന്നെ വീണ്ടും വീണ്ടും വസ്ത്രാക്ഷേപം ചെയ്യപെടുന്നു. രക്ഷിക്കേണ്ടവർ; പാണ്ഡവരും ധൃതരാഷ്ട്രരും പ്രതികരിക്കാതെ നിൽക്കുന്നു. ദ്രൗപതീവിലാപം കർണ്ണശ്രവസ്സുകളിൽ വനരോധനങ്ങളാകുന്നു. കൃഷ്ണാ നീ എവിടെ???