700 ഓളം കോടി മുടക്കിൽ കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന ഹജ്ജ് സബ്‌സിഡി നിർത്തലാക്കി. ഈ തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ സഹായമാക്കി വിനിയോഗിക്കും.
100 ശതമാനം ശരിയായ തീരുമാനം. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി സഹായിക്കാതെ ശക്തിപ്പെടുത്താനായി സഹായിക്കുന്നതാണ് ഉത്തമം. മനസ്സിലാക്കിയിടത്തോളം സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമേ ഹജ്ജ് നിർബ്ബന്ധമുള്ളൂ. ബാധ്യതകൾ എല്ലാം തീർത്ത ശേഷം സ്വന്തം പണം കൊണ്ടുവേണം ഹജ്ജ് നിർവഹിക്കുവാൻ. അതും ഒരിക്കൽ മാത്രം. സബ്‌സിഡി വാങ്ങി രണ്ടും മൂന്നും തവണ ഹജ്ജ് നിർവഹിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടത് തന്നെയാണ്. അല്ലെങ്കിലും സഹായങ്ങൾ കൊടുക്കേണ്ടതും സ്വീകരിക്കേണ്ടതും അടിസ്ഥാന ആവശ്യങ്ങളായ വീട്, ഭക്ഷണം, വസ്ത്രം, വെള്ളം, വിദ്യാഭാസം എന്നിവയ്ക്ക് മാത്രമായിരിക്കണം, ഇക്കാര്യത്തിൽ മതത്തെ പൂർണ്ണമായും പടിയ്ക്ക് പുറത്ത് നിർത്തണം...
"....കേന്ദ്ര തീരുമാനം ന്യൂനപക്ഷ അവകാശങ്ങളിലേയ്ക്കുള്ള കടന്നു കയറ്റമാണ്. ആ ബഞ്ചമിൻ നെതന്യാഹു വന്ന് പറഞ്ഞിട്ടാണ് മോഡി ഇപ്പോ ഇങ്ങനൊരു തീരുമാനം പ്രഖ്യാപിച്ചത്, അതുകൊണ്ട് സബ്‌സിഡിയുടെ അധിക ഭാരം കേരള സർക്കാർ ഏറ്റെടുക്കും..." എന്ന് ഇവിടാരെങ്കിലും പ്രഖ്യാപിച്ചു കളയുമോ എന്നൊരു പേടിയേ ഉള്ളൂ.... അല്ലാതെ സത്യവിശ്വസികളായ മുസ്ലീങ്ങൾ ഈ തീരുമാനത്തെ എതിർക്കുമെന്ന് തോന്നുന്നില്ല.
ഞങ്ങളുടെ അമ്പലത്തിലെ നടവരവ് മുഴുവനും ദേവസ്വം ബോർഡുവഴി അടിച്ചുമാറ്റി മുസ്ലീങ്ങൾക്ക് ഹജ്ജ് സബ്‌സിഡിയായി നൽകുന്നു എന്ന രീതിയിലുള്ള "ഉണർന്ന ഹിന്ദുക്കളുടെ" ദുഃഖം തെല്ലൊന്ന് ശമിക്കും എന്നൊരു സന്തോഷവുമുണ്ട്. മുസ്ലീങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് അന്തസ്സായി ഹജ്ജ് നിർവഹിച്ചു വരട്ടെ. ആരും ആരുടേം ഓശാരം കൊണ്ടല്ലാതെ ജീവിക്കട്ടെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..
🙏

No comments:
Post a Comment