എംജിആർ തമിഴ് സിനിമാ ലോകത്ത് ചക്രവർത്തിയായി വാഴുന്ന കാലത്ത്, 1970 ൽ, "യേശുനാഥർ" എന്ന പേരിൽ ഒരു സിനിമയെടുക്കാൻ ശ്രമിച്ചിരുന്നു. കലൈഞ്ജർ കരുണാനിധി ആയിരുന്നു കഥ എഴുതിയിരുന്നത്. ചിത്രത്തിന്റെ പൂജയും, ഫോട്ടോസെക്ഷനും കഴിഞ്ഞു. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കെ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.." എന്ന ഡയലോഗ് പറഞ്ഞ് ഒരു സീൻ ഷൂട്ട് ചെയ്യുകയും ചെയ്തു.
മദ്രാസ് അതിരൂപതാ ആസ്ഥാനത്ത് തുടർചർച്ചകൾക്ക് ഒത്തുകൂടിയപ്പോൾ എംജിആർ വിചിത്രമായ ഒരു നിർദേശം മുന്നോട്ടു വച്ചു. കിടിലൻ ഡയലോഗുകൾ അടിച്ചുവിടുന്നത്, തൊട്ട് രോഗം മാറ്റി കൂടി നിൽക്കുന്നവരുടെ കയ്യടി മേടിക്കുന്നത്, മരിച്ചവരെ ഉയർപ്പിക്കുന്നത്, അപ്പം വർദ്ധിപ്പിക്കുന്നത് ഒക്കെ കൊള്ളാം, സൂപ്പർ ആയിരിക്കും... അത്യാവശ്യം ആണെങ്കിൽ മാത്രം ഒന്നോ രണ്ടോ അടിയും മേടിച്ച്, കുരിശേൽ ഒന്ന് കേറിയേക്കാം. പക്ഷെ അടുത്ത സീനിൽ ആണിയൊക്കെ പറിച്ചുകളഞ്ഞ് കുരിശിൽ നിന്ന് ചാടിവരുന്ന യേശു, പട്ടാളക്കാരുടെ കയ്യിൽ നിന്ന് ചാട്ടവാർ പിടിച്ച് മേടിച്ചെടുത്ത് അവിടെ കൂടി നിൽക്കുന്ന യൂദന്മാരെ മൊത്തം അടിച്ചോടിക്കണം, അടികൊണ്ട് മുതുകു തിരുമ്മി ഓടുന്ന യൂദന്മാരെ കണ്ട് മാതാവും, മഗ്ദലന മറിയവും, യോഹന്നാനും പൊട്ടിപ്പൊട്ടി ചിരിക്കണം. ഇതെല്ലാം കണ്ട് എല്ലാവരും വാ പൊളിച്ചു നിൽക്കുമ്പോൾ, "യേശു ഡാ" ന്ന് കനത്തിലൊന്ന് പറഞ്ഞ്, നിലത്തുനിന്ന് രണ്ടടി മേലെക്കൂടി ഒഴുകി ഒഴുകി യേശു ഗാഗുൽത്താ മല ഇറങ്ങി താഴോട്ട് പോകുമ്പോൾ "ശുഭം" എന്ന ലാസ്‌റ് കാർഡ് എഴുതി കാണിക്കണം...!! അങ്ങനെ ആണെങ്കിൽ മാത്രം സാർ അഭിനയിക്കും, ഇല്ലേൽ ഇല്ല. കുരിശിൽ മരിച്ചാലും മൂന്നു ദിവസം കഴിഞ്ഞ് കളർ ഫുള്ളായി ഉയർപ്പിക്കാം എന്നൊക്കെ അനുനയം പറഞ്ഞെങ്കിലും പുരട്ച്ചി തലൈവർ അമ്പിനും വില്ലിനും അടുത്തില്ല. ഒരേയൊരു സീനുമായി ആ പടം ഇന്നും മദ്രാസ് രൂപതാ ആസ്ഥാനത്ത് ഉണ്ടു പോലും. അന്നെടുത്ത സ്റ്റിൽസ് മാലയിട്ട് തമിഴന്മാർ വീടിന്റെ പടിയ്ക്കൽ ഇപ്പോഴും വയ്ക്കാറുമുണ്ട്. അതാണ് ശരിക്കുമുള്ള യേശു എന്ന വിചാരത്തിൽ...!!
ഇന്നിവിടെ ഒരു പള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ച് അവതരിപ്പിച്ച ലൈറ്റ് ഷോ കണ്ടപ്പോൾ, ആ പള്ളിയിൽ പഴയ എംജിആർ ന്റെ യേശുവാണോ ഇരിക്കുന്നത് എന്ന് തോന്നിപ്പോയി. പണ്ടുകാലത്ത് കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടകം കണ്ട അതേ ഓർമ്മ. ഹൈ ബാസ്സ് സൗണ്ട്, ചോര ചുവപ്പ് കളർ, പിള്ളേരുടെ പേടിച്ചുള്ള കാറൽ... എല്ലാം ഡിറ്റോ സെയിം... ഏത് മുന്തിയ പിശാചിനേം പേടിപ്പിക്കുന്ന കർത്താവ് ഇത്തവണ തകർന്നുപോയി.... അടുത്ത പറമ്പിലെ പനയിൽ നിന്നും താങ്ങി ഇറക്കികൊണ്ടു വരികയായിരുന്നു എന്നാണ് കേട്ടത്.... !!

No comments:
Post a Comment