Sunday, December 7, 2014

കൃഷ്ണാ നീ എവിടെ???

കേരള നിയമസഭയുടെ സമ്മേളനം ആരംഭിച്ചു മൂന്നു മഹത്തായ ദിവസങ്ങൾ കടന്നുപോയിരിക്കുകയാണ്. മൂന്നു ദിവസവും നടന്നത് മിക്കവാറും ഒരേ സംഭവങ്ങളാണ് 1. രാവിലെ തന്നെ എല്ലാവരും സഭയിൽ എത്തുന്നു, 2. പ്രതിപക്ഷം ഏതെങ്കിലും വിഷയത്തിൽ അവതരണാനുമതി ചോദിക്കുന്നു, 3. മുഖ്യമന്ത്രി/ വകുപ്പു മന്ത്രി പറയുന്ന എന്തെങ്കിലും 'മണകൊണഞ്ചൻ' ഉത്തരം കേട്ട് സ്പീക്കർ അനുമതി നിഷേധിക്കുന്നു, 4. പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുന്നു , 5. എല്ലാവരും നടുതളത്തിലെക്ക്, ചിലർ സ്പീക്കർ ഡയസ് ലേക്ക്, 6. വന്നതിലും ആവേശത്തോടെ പ്രതിപക്ഷ അംഗങ്ങൾ പുറത്തേക്ക്, 7. തങ്ങൾക്കു പോകാൻ പറ്റില്ലല്ലോ എന്ന വിഷമത്തിൽ ഭരണപക്ഷ അംഗങ്ങൾ, 8. പ്രധാനപെട്ടത് അടക്കം ഓർഡിനൻസ്കൾ വോട്ട് ഇല്ലാതെതന്നെ അംഗീകരിക്കപ്പെടുന്നു, 9. 10 മിനിറ്റിൽ എല്ലാവരും പുറത്തെത്തുന്നു, 10. അന്നത്തെ 'മഹത്തായ നിയമനിർമാണം' സമംഗളം പര്യവസാനിക്കുന്നു!! ഇവിടെ നഷ്ടം സംഭവിക്കുന്നത്‌ ആർക്കാണ്. കൃത്യമായി നികുതി അടക്കുന്ന 50 ശതമാനത്തിൽ താഴെ വരുന്ന പൊതുജനത്തിന് തന്നെയല്ലേ. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ ചർച്ച ചെയ്തു ക്രിയാത്മകവും യുക്തിസഹവുമായ തീരുമാനങ്ങൾ കൈകൊണ്ടു നടപ്പിലാക്കുന്നതിനു പകരം ചെറിയ കാരണങ്ങൾ പെരുപ്പിച്ചു കാട്ടി പുറത്തേക്കു ചാടാൻ വെമ്പൽ കാട്ടുന്നത് ജനാധിപത്യത്തിന്റെ ഏതു ന്യായം പറഞ്ഞാലും നീതീകരിക്കപെടുമോ. ക്രിയാത്മകമായി പ്രവർത്തിക്കേണ്ട പ്രതിപക്ഷം പുറത്തുപോകുന്ന തക്കം നോക്കി ഓർഡിനൻസ് കൾ യാതൊരു ചർച്ചയും കൂടാതെ പാസ്സാകുന്നു. അത് ജനങ്ങൾക്ക്‌ നന്മയാണോ ദ്രോഹമാണോ വരുത്തുന്നത് എന്നുപോലും പ്രതിപക്ഷം അറിയുന്നില്ല. ഈ കൊഞ്ഞനംകുത്തലും തമ്മിൽതല്ലും നിയമസഭാബഹിഷ്കരണവും നടത്താനാണോ 5 വർഷം കൂടുമ്പോൾ ക്യൂ നിന്ന് വോട്ട് ചെയ്തു 140 പേരെ നമ്മൾ തിരഞ്ഞെടുത്തു വിടുന്നത്? പ്രതിഷേധിക്കേണ്ട കാര്യങ്ങളിൽ അതു ചെയ്യുകതന്നെ വേണം. പക്ഷെ അതു ഇറങ്ങിപോക്ക് നടത്തിയിട്ടല്ല, സഭ അവസാനിക്കുവോളം അവിടെ തന്നെയിരുന്നു ചർച്ച ചെയ്തു കിട്ടാത്തത് മേടിച്ചെടുക്കണം. ജയിപ്പിച്ചു വിട്ട ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ. നമ്മൾ വോട്ട് ചെയ്തു ജയിപ്പിച്ചു, നമ്മൾ കൊടുക്കുന്ന നികുതിപണം ദുർവ്യയം ചെയ്തു, തിന്നു കട്ടു മുടിച്ച്‌, തോന്നിയവാസങ്ങൾ എഴുന്നെള്ളിക്കുന്നതും പോരാ, സഭ ബഹിഷ്കരിച്ച ദിവസത്തെ ബത്തയും കൈനീട്ടി മേടിക്കും, യാതൊരു ഉളുപ്പും ഇല്ലാതെ. സഭ ബഹിഷ്കരിക്കുന്ന ദിവസം ബത്ത ഉണ്ടായിരിക്കുന്നതല്ല എന്ന ഒറ്റ റൂളിംഗ് മതി ഈ തോന്നിയവാസം അവസാനിപ്പിക്കാൻ. പക്ഷെ ഈ പൂച്ചക്ക് ആരു മണി കെട്ടും !! ജനാധിപത്യം ആകുന്ന ദ്രൗപതി, ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വച്ചു തന്നെ വീണ്ടും വീണ്ടും വസ്ത്രാക്ഷേപം ചെയ്യപെടുന്നു. രക്ഷിക്കേണ്ടവർ; പാണ്ഡവരും ധൃതരാഷ്ട്രരും പ്രതികരിക്കാതെ നിൽക്കുന്നു. ദ്രൗപതീവിലാപം കർണ്ണശ്രവസ്സുകളിൽ വനരോധനങ്ങളാകുന്നു. കൃഷ്ണാ നീ എവിടെ???

No comments:

Post a Comment